ഉമ്മൻചാണ്ടി വധശ്രമക്കേസ്: മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം 3 പേര്‍ കുറ്റക്കാര്‍

single-img
27 March 2023

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം 3 പേര്‍ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീറിനു പുറമെ, 18-ാം പ്രതി ദീപക്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു.

ശിക്ഷിക്കപ്പെട്ട രണ്ട് പേർ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീർ, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവിൽ സിപിഎം അംഗമാണ്. വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ പ്രകാരമാണ് മൂന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികൾക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേൾപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല.