രാജ്യത്തിന് തീരാ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ മരണം: ഫാറൂഖ് അബ്ദുള്ള
കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫറൂഖ് അബ്ദുളള. ഉമ്മൻ ചാണ്ടി ജനങ്ങളെ സ്നേഹിച്ചു, ജനങ്ങൾ തിരിച്ചും. അത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വവുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് ആയിരുന്നു ഫറൂഖ് അബ്ദുളളയുടെ പ്രതികരണം.
സുദീർഘമായ 45 വർഷം പൊതുപ്രവർത്തകനായി ജീവിച്ചയാളാണ് അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കേരളത്തിനും വേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ പേര് സുവർണ്ണലിപികളിൽ എഴുതപ്പെടണമെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു.
ഫറൂഖ് അബ്ദുളളയുടെ വാക്കുകൾ: “ഉമ്മൻ ചാണ്ടിയെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തെ ഓർക്കുകയാണെങ്കിൽ മറക്കാനാവാത്ത കാര്യങ്ങളാണുളളത്. ഞാൻ കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അദ്ദേഹം ചെയ്ത ഒരുപാട് പ്രവർത്തനങ്ങൾ ഞാൻ കണ്ടു. വളരെയധികം പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി ചെയ്തിട്ടുണ്ട്. അദ്ദേഹം കാരണം എനിക്ക് കേരളത്തിലെ കുറേ സ്ഥലങ്ങൾ കാണാനായി. ഒരിക്കലും മറക്കാനാവില്ല”, ഫറൂഖ് അബ്ദുളള ഓർമ്മിച്ചു.
രാജ്യത്തിന് തീരാ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ മരണം. ഇത് ഒരു നഷ്ടമാണ് എന്നാൽ ദൈവം ആ സ്ഥാനത്തേക്ക് മറ്റുളളവരെ കൊണ്ടുവരും. അതിന് അവസാനമുണ്ടാകില്ല. കേരളത്തിന് വേണ്ടി മാത്രമല്ല രാജ്യത്തിന് വേണ്ടിയും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവർ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.