ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നു പോകുന്നത്: മുഖ്യമന്ത്രി
എല്ലാ ഘട്ടത്തിലും മനുഷ്യ സ്നേഹപരമായ നിലപാട് സ്വീകരിച്ച ഒരു നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നു പോകുന്നത് വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ ഒഴുകിയ ഉമ്മൻചാണ്ടി പിന്നീട് ഓരോ ഘട്ടത്തിലും കേരളത്തിൽ വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അന്നത്തെ വിദ്യാർത്ഥി യുവജന പ്രവർത്തകൻ എന്ന നിലക്കുള്ള വീറും വാശിയും ജീവിതത്തിൻ്റെ അവസാന കാലം വരെ നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ദീർഘകാലത്തെ സംസ്ഥാനത്തെ നിയമസഭാ പ്രവർത്തനത്തിൻറെ അനുഭവം, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലക്കുള്ള അനുഭവം അതെല്ലാം രണ്ടുതവണ മുഖ്യമന്ത്രി ആയപ്പോഴും അദ്ദേഹത്തിനെ ഭരണരംഗത്ത് തൻ്റെ പാടവം തെളിയിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഉണ്ടായത്.
ജീവിതത്തിൽ എല്ലാ ഘട്ടത്തിലും മനുഷ്യ സ്നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചു പോകുന്നത്. രാഷ്ട്രീയമായി ഞങ്ങൾ തുടക്കം മുതലേ രണ്ട് ചേരിയിൽ ആയിരുന്നെങ്കിലും ആദ്യം മുതൽക്ക് തന്നെ നല്ല സൗഹൃദം ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
പൊതുവേ എല്ലാവരോടും സൗഹൃദം പുലർത്തുന്ന സമീപനമായിരുന്നു ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും കോൺഗ്രസിൻ്റെ നട്ടെല്ലായി തന്നെ പ്രവർത്തിച്ചുവന്ന ഉമ്മൻചാണ്ടി ഒരു ഘട്ടത്തിൽ കോൺഗ്രസിൻ്റെ അനിഷേധ്യനായ നേതാവായി തന്നെ മാറുകയുണ്ടായി.
കേരളത്തിൻറെ പൊതുസമൂഹത്തിന് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ തീരാ നഷ്ടമാണ് സംഭവിക്കുന്നത് എന്നത് നമുക്കെല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അതോടൊപ്പം കോൺഗ്രസ് പാർട്ടിക്കും ഇന്നത്തെ സാഹചര്യത്തിൽ നികത്താനാവാത്ത നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിടവിലൂടെ സംഭവിച്ചിട്ടുള്ളത്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ ദുഃഖാർത്ഥനായി കഴിയുന്ന കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.