പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ പിന്‍ഗാമിയെ ഉപതെരഞ്ഞെടുപ്പില്ലാതെ തെരഞ്ഞെടുക്കണം: വിഎം സുധീരൻ


അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം കണക്കിലെടുത്ത് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പിന്‍ഗാമിയെ ഉപതെരഞ്ഞെടുപ്പില്ലാതെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
‘ഈ ഉപതെരഞ്ഞെടുപ്പില്‍ മാത്രം മതി ഇങ്ങിനെ ഒരു രീതി. ഇത് എന്റെ നിര്‍ദേശമാണ്. നെഞ്ചില്‍ കൈവെച്ച് ഞാന്‍ പറയുകയാണ്.അതൊരു പുതിയ തുടക്കമായിരിക്കും’.- കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സുധീരന്‍ പറഞ്ഞു.
‘നമുക്ക് രാഷ്ട്രീയത്തിന് വേറെയും സമയമുണ്ടല്ലോ. ഇവിടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരികുകയാണല്ലോ.എല്ലാവരും ചിന്തിക്കണം. എന്റെ മനസില്‍ തോന്നിയ ആശയമാണിത്. ചാണ്ടി ഉമ്മന്‍ വരുമെന്നാണ് നാമെല്ലാം പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ നാം ചിന്തിക്കണം. തെരഞ്ഞെടുപ്പില്ലാതെ ആദരവ് പ്രകടിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.