കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണം: വി മുരളീധരൻ

single-img
12 January 2023

ജാതിയുടെ പേരിൽ ആളുകളുടെ ജീവിതോപാധിയെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പഴയിടം മോഹനന്‍ നമ്പൂതിരിക്കും കലാകാരന്‍ കനകദാസിനും ജീവിക്കാന്‍ ഭയമുള്ളിടമായി കേരളം മാറിയെന്ന യാഥാർത്ഥ്യം പരിശോധിക്കപ്പെടേണ്ടതാണ്- വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് –കോണ്‍ഗ്രസ് അവസരവാദം കേരളത്തിലെ സമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും യുവജനോത്സവത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാൽ അത് ഇന്ത്യൻ മുസ്ലീമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയെന്നും വി.മുരളീധരൻ ചോദിച്ചു.

വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോ എന്നും മന്ത്രി ചോദിച്ചു. ഈ നേതാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ വക്താക്കളാണോ താലിബാന്‍റെയോ ഐഎസിൻ്റെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണം.

എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. പകൽ ലഹരിവിരുദ്ധപ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സിപിഎമ്മിന്‍റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസിനെ ന്യായീകരിക്കുകയാണ് മന്ത്രിമാരും നേതാക്കൻമാരും. ജാഗ്രതക്കുറവ് മാത്രമെന്ന് മന്ത്രിമാരടക്കം പറയുമ്പോൾ പിന്നെ പൊലീസ് എന്ത് അന്വേഷിക്കാനെന്ന് വി.മുരളീധരൻ ചോദിച്ചു.