മേയറെ കൊണ്ട് സി പി എം വൃത്തികേട് ചെയ്യിപ്പിക്കുന്നു: വി.ഡി.സതീശന്‍
തിരുവനന്തപുരം മേയറെ കൊണ്ട് സി പി എം വൃത്തികേട് ചെയ്യിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരുവനന്തപുരം മേയറെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്‌തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ചു എന്ന് പറയുന്ന കത്ത് വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു.
നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു. ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതോടെഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.’ എന്നും പത്രക്കുറിപ്പിലൂടെ മേയര്‍ വ്യക്തമാക്കി.
കത്ത് പുറത്തു വന്നതോടെ കത്തിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് നേരത്തെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞിരുന്നു. അങ്ങനെയൊരു കത്ത് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ നാഗപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. തുടർന്നാണ് നിയമപരമായി നേരിടാൻ സി പി എം തീരുമാനിച്ചത് എന്നാണ് വിവരം.