പ്രതിപക്ഷസഖ്യത്തിന് പേര് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്’
2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിക്കുന്ന പ്രതിപക്ഷസഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്’ (പി.ഡി.എ) എന്ന് പേരിടുമെന്ന് റിപ്പോർട്ടുകൾ.
ജൂലൈ മാസം ഷിംലയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ അടുത്ത സമ്മേളനത്തിലാവും തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷിംല യോഗത്തിൽ പിഡിഎയ്ക്ക് അന്തിമ രൂപം നൽകുമെന്നും പ്രതിപക്ഷ നേതാക്കളുടെ അടുത്ത ചർച്ച ജൂലൈ 10 മുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന്റെ പേര് ‘പിഡിഎ’ എന്നാക്കാനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“പുതിയ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ) എന്ന് പേരിടാമെന്ന് കരുതുന്നുണ്ട്.അതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എൻഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്‌ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഇക്കാര്യത്തിൽ വ്യക്തതയുണ്ട്.”- അദ്ദേഹം പറഞ്ഞു.