നീതി ആയോഗ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാർ


രാജ്യത്തെ വിവിധങ്ങളായ വികസന പ്രശ്‌നങ്ങളും നയപരമായ കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്ന് ചേർന്ന നിതി ആയോഗിൻ്റെ ഒമ്പതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. പല പ്രതിപക്ഷ മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, പ്രതിപക്ഷ ഇന്ത്യാ മുന്നണിയുടെ ഭാഗമായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.
എന്നാൽ താൻ സംസാരിക്കവെ മൈക്ക് ഓഫ് ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് മമത ഇറങ്ങിപ്പോവുകയും ചെയ്തു . കേന്ദ്ര സർക്കാരിന്റെ ഉന്നത പബ്ലിക് പോളിസി തിങ്ക് ടാങ്കായ നീതി ആയോഗിൽ പ്രധാനമന്ത്രിയും എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും, നിരവധി കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണർമാരും കേന്ദ്ര മന്ത്രിമാരും അംഗങ്ങളും ഉൾപ്പെടുന്നു.
ബിജെപി ഭരണകക്ഷിയായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് യോഗത്തിൽ പങ്കെടുക്കാനും അവരുടെ സർക്കാരിൻ്റെ പ്രധാന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് മുന്നിൽ അവതരണം നൽകാനും നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.