ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ
ഗവര്‍ണറെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ടെന്നും കേരളത്തിൽ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. ബില്ലില്‍ ഒപ്പ് വെക്കാത്തതിൽ രാജസ്ഥാനില്‍ ഒരു നിലപാട് കേരളത്തില്‍ ഒരു നിലപാട് എന്ന സമീപനം കോണ്‍ഗ്രസിന് ഇല്ല. ഐസിസിയുടെയും കോണ്‍ഗ്രസിന്റെയും കേരളത്തിന്റെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണെന്നും ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്തു നിന്ന്നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയില്‍ സതീശൻ പറഞ്ഞു.
ഒരിക്കൽ ഗവർണർ മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. ആ സമയം നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി നില്‍ക്കാന്‍. പക്ഷെ അപ്പോൾ സര്‍ക്കാര്‍ അതിന് ധൈര്യം കാണിച്ചില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുമ്പോള്‍ പകരം കൊണ്ടു വന്ന സംവിധാനം സര്‍വകലാശാലകളെ തകര്‍ക്കുമെന്നും ഇത് സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റുമെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി കൊണ്ടുവരുന്ന ബദല്‍ സംവിധാനത്തെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ നിര്‍ണായകമായ ഒരു ബില്ലായിരുന്നു ഇത്. എന്നാല്‍ അത് കൊണ്ടുവരുന്നതിന് മുന്‍പ് കേരളത്തിലെ പ്രതിപക്ഷവുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ബിൽ നിലവിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു