പല പ്രതിപക്ഷ പാർട്ടികളും ഐക്യത്തിന്റെ ഫോർമുല മനസ്സിലാക്കിത്തുടങ്ങി: ശശി തരൂർ

single-img
2 April 2023

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിപക്ഷ ഐക്യത്തിന്റെ തരംഗം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വളരെ ആശ്ചര്യകരമായ തരംഗമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

നമ്മുടെ പല പ്രതിപക്ഷ പാർട്ടികളും ഐക്യത്തിന്റെ ഫോർമുല മനസ്സിലാക്കിത്തുടങ്ങിയെന്നും തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘ഒരുമിച്ചാൽ വാഴും, പിളർന്നാൽ വീഴും’ എന്ന ചൊല്ലിന്റെ സത്യാവസ്ഥ പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷ ഐക്യം ഭരണപക്ഷത്തിന് മോശം വാർത്തയായിരിക്കും.

” ഞാൻ ഇപ്പോൾ പാർട്ടി നേതൃത്വത്തിലായിരുന്നെങ്കിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ കോർഡിനേറ്റർമാരാകാൻ ചെറുപാർട്ടികളെ പ്രോത്സാഹിപ്പിക്കുമായിരുന്നു”- ശശി തരൂർ പറഞ്ഞു. രാജ്യത്തെ ധാരാളം ചെറു പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നേടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.