ബജറ്റിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; ബജറ്റ് കത്തിച്ചു


സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനക്കെതിരെ കോൺഗ്രസ്- ബിജെപി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി.
അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. ബജറ്റ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെ ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
എറണാകുളം ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞുകാണ്ടാണ് പ്രതിഷേധം. പോലീസ് രണ്ടു മാര്‍ച്ചുകള്‍ക്കെതിരെയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.