സർക്കാരിന് വളഞ്ഞ വഴി ഇല്ല; പ്രതിപക്ഷത്തിൻ്റേത് അപകടകരമായ രാഷ്ട്രീയം: മന്ത്രി പി രാജീവ്
മുന്നോട്ടുള്ള ഭാവിയിൽ കൈപ്പിടിയിൽ എത്തുമെന്ന് കരുതുന്ന അധികാരം മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രസ്താവനകളെന്ന് നിയമമന്ത്രി പി രാജീവ്. സംസ്ഥാനത്തെ സർവ്വകലാശാല നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തികച്ചും അപകടകരമായ രാഷ്ട്രീയ പ്രസ്താവനയാണ് പ്രതിപക്ഷം നടത്തിയത് . അവരുടെ നിലപാട് അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഏത് വിഷയത്തിലും കേന്ദ്രത്തിന് ഇടപെട്ട് മാറ്റങ്ങൾ വരുത്താം എന്ന രീതിയിൽ സബോർഡിനേറ്റ് ലജിസ്ലേഷനെ പിന്തുണയ്ക്കുന്നത് അപകടകരമായ രാഷ്ട്രീയം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു .
കേരളാ കലാമണ്ഡലത്തിന്റെ ചാൻസലറായി മല്ലികാ സാരഭായിയെ പോലെ ഉന്നതയായ മറ്റൊരു വ്യക്തിയെ കണ്ടെത്താൻ കഴിയില്ല. ഈ കാര്യത്തിൽ രാഷ്ട്രീയം നോക്കിയല്ല സർക്കാർ ഈ നിയമനം നടത്തിയത്. വിശാലമായ കാഴ്ചപാടിൻ്റെ അടിസ്ഥാനത്തിൽ സർവ്വകലാശാലകളെ നിയന്ത്രിക്കാൻ കഴിയുന്നവരെയാണ് സർക്കാർ ആസ്ഥാനത്ത് നിയമിക്കുക എന്നും മന്ത്രി പറഞ്ഞു.
യുജിസി പുറപ്പെടുവിച്ച മാർഗ നിർദേശം സംസ്ഥാന നിയമത്തിനു മുകളിൽ ആകുമോ എന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യം കാടു കാണുന്നില്ല, മരം കാണുന്നില്ല, കാണുന്നത് അധികാര കസേര മാത്രം ആണെന്നുള്ളതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം വിമർശിച്ചു.