കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ കളക്ടറുടെ ഉത്തരവ്

single-img
19 May 2023

കോട്ടയം ജില്ലയിലെ കണമലയിൽ രണ്ടു പേരെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ രണ്ടുപേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വഴിയരികിലുള്ള വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ, തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു.

കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് വെടിവയ്ക്കാൻ അടിയന്തര നിർദേശം നൽകിയത്.