വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ പരിഹരിക്കപ്പെടും: വി മുരളീധരന്‍

single-img
23 October 2023

കേരളത്തിൽ വന്ദേ ഭാരതിന് കടന്നുപോകാൻ വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതി പുതിയ റെയിൽവെ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു . റെയിൽവേ ടൈംടേബിൾ പരിഷ്കരണം നടപ്പിലാക്കും. റെയിൽവേ ടൈംടേബിൾ പരിഷ്കരണം നടപ്പിലാകുന്നതോടെ വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നു എന്ന പരാതി അവസാനിക്കും.

പക്ഷെ പുതിയ ടൈടേബിൾ എപ്പോൾ വരുമെന്ന കാര്യം പറയാൻ പറ്റില്ലെന്നും വി മുരളീധരൻ പറഞ്ഞു. അതേസമയം, വന്ദേ ഭാരത് ട്രെയിന് പുതുതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂരിൽ ഇന്ന് സ്വീകരണം നൽകി. ഇന്ത്യൻ റെയിൽവേയുടെയും ചെങ്ങന്നൂർ പൗരാവലിയുടെയും നേതൃത്വത്തിലാണ് ഔദ്യോഗിക സ്വീകരണമൊരുക്കിയത് . ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകരും സ്വീകരണം ഒരുക്കിയിരുന്നു.

റെയിൽവേയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു.

നിലവിൽ യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്. ട്രെയിനുകൾ പിടിച്ചിടുകയും യാത്രക്കാർ മണിക്കൂറുകൾ വഴിയിൽ കുടുങ്ങുകയും ചെയ്യുന്നത് പതിവായതോടെ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേയോട് വിശദീകരണം തേടിയിട്ടുണ്ട്. പരിഹാര നിർദ്ദേശങ്ങൾ 15 ദിവസത്തിനകം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.