ഹൈക്കോടതിയുടെ വിമർശനം; ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി മാറ്റി സര്‍ക്കാര്‍

single-img
1 December 2023

ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്ന് തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി മാറ്റി സംസ്ഥാന സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പാര്‍ക്കില്‍നിന്നും വേദി മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. ഈ പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല.

ഇതോടൊപ്പം പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാർക്ക് ഡയറക്ടർ മറുപടി നൽകി. നിലവിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാർപ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും പാർക്ക് ഡയറക്ടർ കീർത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു.