പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണം ; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

single-img
9 November 2024

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തും.

ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കൂടാതെ തഹസിൽദാരുടെ ചുമതലയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല. കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റണമെന്നും അപേക്ഷയിൽ മഞ്ജുഷ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ജയിൽ മോചിതയായത്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യയുടെ ആദ്യ പ്രതികരണം. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്നാം ദിവസമാണ് ദിവ്യ മോചിതയായത്.

ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. വൈകുന്നേരം നാല് ഇരുപതോടെ ജയിലിലെത്തിയ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് കൈമാറി. നടപടിക്രമങ്ങൾക്ക് ശേഷമാണ് ദിവ്യ പുറത്തേക്കെത്തിയത്