പി സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവ്: കെ സുധാകരൻ


പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ്. പരസ്യ പ്രതികരണം ശരിയായില്ലെന്ന് കോൺഗ്രസ് നേതൃത്വം വിമർശിച്ചു.
സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണെന്നും സംഘടനാ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അതേപോലെ തന്നെ, അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ അറിയിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് എഡിഎം ജീവനൊടുക്കിയത്. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തിയ കെ സുധാകരൻ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.