സിപിഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കിയത്: എംവി ഗോവിന്ദൻ മാസ്റ്റർ
ഇടതുപക്ഷത്തിന്റെ കോട്ടയായ ചേലക്കരയില്‍ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് പാര്‍ട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കിയത്. രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താന്‍ ഇക്കുറി പാര്‍ട്ടിക്ക് സാധിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
‘വയനാട്ടിലെയും ചേലക്കരയിലെയും വോട്ടര്‍മാര്‍ നാളെ രാവിലെ മുതല്‍ പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ഇന്നലെ ആവേശകരമായ തിരഞ്ഞെടുപ്പ് പരിസമാപ്തിയാണ് നടന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ചേലക്കരയില്‍ വിജയിക്കും. വയനാട് മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. അതിന്റെ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് മണ്ഡലത്തിലേയും ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാടാണ്. പാലക്കാട് എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിന്‌റെ അനുഭവത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പി സരിന്‍ സ്ഥാനാര്‍ത്ഥിയായി വന്നത് മുതല്‍ പാലക്കാട് എല്‍ഡിഎഫ് അനുകൂല അന്തരീക്ഷമാണ് ഉണ്ടായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ഇത്തവണ കിട്ടില്ല. ബിജെപി കഴിഞ്ഞ വര്‍ഷം മെട്രോമാന്‍ ഇ ശ്രീധരനെയാണ് മത്സരിപ്പിച്ചത്.
അന്ന് കിട്ടിയ വോട്ടൊന്നം ബിജെപിക്ക് ഇത്തവണ കിട്ടാന്‍ പോകുന്നില്ല. മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ചില വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചിരുന്നു. അത് ഇക്കുറി രാഹുലിന് ലഭിക്കില്ല. ഈ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തിരഞ്ഞെടുപ്പ് ആകും. ചേലക്കരയില്‍ പതിറ്റാണ്ടുകളായി ഇടതുപക്ഷം വിഡയിച്ചുവരുന്ന മണ്ഡലമാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയമില്ല.
നാല് വോട്ട് കിട്ടാന്‍ വേണ്ടി സ്വത്ത് രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. അതിശക്തമായ ജാതി വികാരം ഉണ്ടാക്കാന്‍ തനി ഫ്യൂഡല്‍ ജീര്‍ണതയുടെ പ്രതിനിധികളായാണ് അവര്‍ പെരുമാറുന്നത്. ചേലക്കരയിലെ ജനങ്ങള്‍ക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചിട്ട് കാര്യമില്ല’, എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.