ജമ്മു കശ്മീരിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി പാക് ഡ്രോണ്‍

single-img
13 April 2023

ജമ്മു കശ്മീരിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി പാക് ഡ്രോണ്‍. രജൗരിയില്‍ എകെ 47 തോക്കുകളുടെ മാഗസീനുകളും പണവുമായി വന്ന ഡ്രോണ്‍ കരസേന വെടിവച്ചിട്ടു.

മറ്റൊരു പൊതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

പഞ്ചാബിലെ ഫസില്‍ക്കയില്‍ അതിര്‍ത്ത് കടന്ന് ലഹരിമരുന്നുമായെത്തിയ പാക് ഡ്രോണിന് നേരെ ബിഎസ്‌എഫ് വെടിയുതിര്‍ത്തു. പിന്നാലെ ഡ്രോണില്‍നിന്ന് ലഹരിയടങ്ങിയ പൊതികള്‍ താഴെ വീണു. നാലരക്കിലോ ഹെറോയിന്‍ പിടിച്ചെടുത്തെന്നും ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വീണോ, പാക്കിസ്ഥാനിലേക്ക് മടങ്ങിയോ എന്ന് കണ്ടെത്തനായി തെരച്ചില്‍ നടത്തുന്നതായും അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.

ഇന്നലെ പുലര്‍ച്ച നാലരയ്ക്ക് പഞ്ചാബിലെ ബട്ടിന്‍ഡയിലെ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റില്‍ വെടിവയ്പ്പുണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.ജവാന്‍മാരായ സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവര്‍. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയില്‍ തോക്കും മൂര്‍ച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. വെടിയുതിര്‍ത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്.