പാകിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്; അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു

single-img
22 November 2022

ഇസ്ലാമാബാദ്: കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്. എന്നാല്‍, സൈനിക മേധാവിയുടെ കുടുംബത്തിന്‍റെ രഹസ്യ നികുതി രേഖകള്‍ “നിയമവിരുദ്ധവും” “അനാവശ്യമായ ചോര്‍ച്ചയും” ആണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നികുതി നിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യ വിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്‍റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ റവന്യൂ ഉപദേഷ്ടാവായ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫീസറോട് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദാര്‍ നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖമര്‍ ജാവേദ് ബജ്‌വ പാകിസ്ഥാന്‍ സൈനിക മേധാവിയായതിന് ശേഷം അദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങള്‍ പുതിയ ബിസിനസുകള്‍ ആരംഭിച്ചു. പലരും പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ ഫാം ഹൗസുകളുടെ ഉടമകളായി. ബന്ധുക്കളില്‍ ചിലര്‍ വിദേശ വസ്തുക്കള്‍ വാങ്ങി കോടിക്കണക്കിന് ഡോളര്‍ സമ്ബാദിച്ചതായും ഓണ്‍ലൈന്‍ അന്വേഷണ വാര്‍ത്താ പോര്‍ട്ടലായ ഫാക്റ്റ്ഫോക്കസിന് വേണ്ടി പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ അഹമ്മദ് നൂറാനി റിപ്പോര്‍ട്ട് ചെയ്തു. ഖമര്‍ ജാവേദ് ബജ്‌വയുടെ ഭാര്യ ആയിഷ അംജദ്, മരുമകള്‍ മഹ്‌നൂര്‍ സാബിര്‍, മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന നിരവധി ഡാറ്റകളും ഇതോടൊപ്പം പുറത്ത് വിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“ആറ് വര്‍ഷത്തിനുള്ളില്‍, രണ്ട് കുടുംബങ്ങളും ശതകോടീശ്വരന്മാരായി. കുടുംബാംഗങ്ങള്‍ അന്താരാഷ്ട്ര ബിസിനസ് ആരംഭിച്ചു. പലരും ഒന്നിലധികം വിദേശ സ്വത്തുക്കള്‍ വാങ്ങി. കുടുംബത്തില്‍ ചിലര്‍ വിദേശത്തേക്ക് മൂലധനം കൊണ്ട് പോയി. വാണിജ്യ കെട്ടിടങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന പ്ലോട്ടുകള്‍, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും വലിയ ഫാം ഹൗസുകള്‍, ലാഹോറിലെ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ എന്നിവയുടെ ഉടമകളും ഇന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കളാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബജ്‌വ കുടുംബം സ്വരൂപിച്ച പാകിസ്ഥാനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണി മൂല്യം 12.7 ബില്യണിലധികം രൂപയാണ്.” റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ ഖമര്‍ ജാവേദ് ബജ്‌വ സമര്‍പ്പിച്ച സാമ്ബത്തിക കണക്കുകള്‍ 2017 ന് ഇടയില്‍ മൂന്ന് തവണ പരിഷ്ക്കരിച്ചത് എങ്ങനെയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ” 2013-ലെ പുതുക്കിയ സമ്ബത്ത് പ്രസ്താവനയില്‍, ഡിഎച്ച്‌എ ലാഹോറിന്‍റെ എട്ടാം ഘട്ടത്തില്‍ ജനറല്‍ ബജ്വ ഒരു വാണിജ്യ പ്ലോട്ട് കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ താന്‍ ഈ പ്ലോട്ട് 2013-ല്‍ തിരികെ വാങ്ങിയിരുന്നുവെന്നും എന്നാല്‍ രേഖപ്പെടുത്താന്‍ മറന്ന് പോയെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. ” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ അധികൃതര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു. ഫോക്‌ട് ഫോക്കസ് വെബ്‌സൈറ്റ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തക പ്ലാറ്റ്‌ഫോമാണ്. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതികള്‍ ഇതിന് മുമ്ബും ഫോക്‌ട് ഫോക്കസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.