ഇന്ത്യയും ഓസ്‌ട്രേലിയയുമുള്ള എലൈറ്റ് പട്ടികയില്‍ ഇടംനേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

single-img
28 April 2023

ഇന്ത്യയും ഓസ്‌ട്രേലിയയുമുള്ള എലൈറ്റ് പട്ടികയില്‍ ഇടംനേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏകദിന ക്രിക്കറ്റിൽ 500 മത്സര വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിലെത്തി പാകിസ്ഥാന്‍. ന്യൂസിലന്‍ഡിന് എതിരായി നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയം ബാബര്‍ അസമും സംഘവും നേടിയതോടെയാണിത്. 949-ാം ഏകദിനത്തിലാണ് പാക് ടീം 500 വിജയങ്ങള്‍ തികച്ചത്.

അതേസമയം, 594 വിജയങ്ങളുമായി ഓസീസും 539 ജയങ്ങളുമായി ടീം ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1973ലായിരുന്നു പാകിസ്ഥാന്‍റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 1973ല്‍ നോട്ടിംഗ്‌ഹാമില്‍ ആയിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിജയം.

നിലവിൽ തങ്ങളുടെ 500-ാം ഏകദിന വിജയം പാകിസ്ഥാന്‍ ടീം ആഘോഷമാക്കി. റാവല്‍പിണ്ടിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 288 റണ്‍സെടുത്തു. 113 റണ്‍സ് നേടിയ ഡാരില്‍ മിച്ചലായിരുന്നു ടോപ് സ്‌കോറര്‍. വില്‍ യങ് 86 ഉം ചാഡ് ബൗസ് 18 ഉം നായകന്‍ ടോം ലാഥം 20 ഉം ചാപ്‌മാന്‍ 15 ഉം രചിന്‍ രവീന്ദ്ര 9 ഉം ഹെന്‍‌റി നിക്കോള്‍സ് 20* റണ്‍സെടുത്തപ്പോള്‍ ആദം മില്‍നെ പൂജ്യത്തില്‍ മടങ്ങി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായും ഹൗരിസ് റൗഫും രണ്ട് വീതവും ഷദാബ് ഖാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി.