പാക്കിസ്ഥാന്റെ സാമ്പത്തിക നില അതീവ ഗുരുതരം; പാക് രൂപ ഡോളറിനെതിരെ 262 കടന്നു


പാക്കിസ്ഥാന്റെ സാമ്പത്തിക നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 262.85 എന്ന നിലയിലേക്ക് പതിച്ചു. വെള്ളിയാഴ്ച മാത്രം 7.17 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഐഎംഎഫിൽനിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിനുവേണ്ടി എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാൻ കാരണം. രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും വിപണിശക്തികൾ സ്വയം വിനിമയനിരക്ക് നിർണയിക്കുമെന്നുമുള്ള ഐഎംഎഫ് നിർദേശം സർക്കാർ അംഗീകരിച്ചതോടെയാണ് രൂപ തകർന്നടിഞ്ഞത്.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെയാണ് ഉയർന്നിരിക്കുന്നത്. ഒരു പാക്കറ്റ് ധാന്യപ്പൊടിക്ക് 3,000 പാക്ക് രൂപയ്ക്കുമേൽ ഉയർന്നു. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾ ജനങ്ങൾ പിടിച്ചെടുക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയോട് പാക്കിസ്ഥാൻ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.