പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കും; 141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരെയും ഭയപ്പെടുന്നില്ല: അമിത് ഷാ

single-img
16 May 2024

പാക് അധീന കാശ്മീരുമായി ബന്ധപ്പെട്ട ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും 141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരെയും ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ഫാറൂഖ് അബ്ദുള്ള നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചു. രാഹുലിൻ്റെ സഖ്യത്തിൽ ഫാറൂഖ് പങ്കാളിയാണെന്നും അതിനാൽ ഇതുപോലെയുള്ള പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു .

“പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അതിനെ നിഷേധിക്കാൻ ആർക്കും സാധിക്കില്ല. പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ട്, അതിനാൽ അവർക്ക് ബഹുമാനം നല്‍കണമെന്നും, പാക് അധീന കശ്മീരില്‍ അവകാശം ഉന്നയിക്കരുതെന്നുമാണ് ഫാറൂഖ് പറയുന്നത്. എന്നാൽ എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്.

141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച്‌ അതിന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടത്. എന്ത് തരം ചിന്തയാണത്? പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ബിജെപി അത് ഉറച്ച്‌ വിശ്വസിക്കുന്നു. അത് തീർച്ചയായും തിരികെ ഇന്ത്യയുടേതാക്കിയിരിക്കുമെന്നും” അമിത് ഷാ പറഞ്ഞു