നേതാക്കളുടെ അറസ്റ്റ്; പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം


രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് എൻ ഐ എ നടത്തിയ പരിശോധനകൾക്ക് പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. മഹാരാഷ്ട്രയിലെ പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപരിപാടിയ്ക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിനു പിന്നാലെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യമാകെ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ റെയ്ഡുകൾ നടന്നതിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനും എതിരെ പൂനെയിൽ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ 40-ാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി മാറ്റുന്നതിനിടയിലാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിക്കേട്ടത്. അനുമതി വാങ്ങാതെ സംഘം ചേർന്നതിനും റോഡ്‌തടസ്സം സൃഷ്ടിച്ചതിനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ബണ്ട്ഗാർഡൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.