പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി

single-img
23 January 2023

ഇസ്ലാമാബാദ്: പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. കൂടുതല്‍ നഗരങ്ങളില്‍ വൈദ്യുതി നിലച്ചുവെന്നാണ് വിവരം.

ഇസ്ലാമാബാദ്, കറാച്ചി, പെഷാവര്‍, ലാഹോര്‍ നഗരങ്ങള്‍ മണിക്കൂറുകളായി ഇരുട്ടിലാണ്. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലായത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദും, വാണിജ്യ നഗരമായ കറാച്ചിയും, ലാഹോറും പെഷാവാറിലുമെല്ലാം വൈദ്യുതി നിലച്ചു. വൈദ്യുതി ഗ്രിഡിലുണ്ടായ കുഴപ്പമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകൂയെന്ന് ഊര്‍ജ്ജ മന്ത്രാലയം ഔദ്യോഗി വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നും വിമര്‍ശനമുണ്ട്.കടുത്ത കടക്കെണിയില്‍പ്പെട്ടിരിക്കുന്ന പാകിസ്ഥാനില്‍ ഊര്‍ജ്ജ മേഖലയില്‍ സംഭവിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഡീസല്‍,കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോള്‍ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്‍റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താന്‍. സാന്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതല്‍ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്.

വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്‍റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് പ്രാദേശിക തലത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. യോഗം പോലും ജനാലകള്‍ തുറന്നിട്ട് നടത്തുന്ന കാഴ്ചയും കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് വന്നിരുന്നു.വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പലയിടത്തും തടസ്സപ്പെട്ടു.