കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വിഡി സതീശനും കെ സുരേന്ദ്രനും
കല്‍പ്പാത്തി രഥോത്സവ ദിവസം നിശ്ചയിച്ചിരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
വോട്ടെടുപ്പ് ദിനമായ നവംബര്‍ 13- തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, 13ൽ നിന്നും 20 ലേക്ക് മാറ്റണം എന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത് .
ഇന്ന് വൈകുന്നേരമായിരുന്നു കേരളത്തിലെ മൂന്ന് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി രഥോത്സവം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. നേതൃത്വവുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.