പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നു; കോൺഗ്രസിലെ ചിലർക്ക് ബിജെപിയോട് ഒരു കമ്മിറ്റ്മെന്റ് ഉണ്ട്: മന്ത്രി എംബി രാജേഷ്
സംസ്ഥാനത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അവരുടെ പ്രവർത്തകർക്ക് തന്നെ ഒരു തരത്തിലും സ്വീകരിക്കാൻ ആകില്ല എന്ന് മന്ത്രി എം ബി രാജേഷ്. ഈ സ്ഥാനാർത്ഥിത്വം ഒരു പ്രത്യുപകാരമാണ്. സ്ഥാനാർത്ഥിയുടെ സ്പോൺസർ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു .
വടകര മണ്ഡലത്തിൽ ലഭിച്ച സ്ഥാനാർത്ഥിത്വത്തിന് പ്രത്യുപകാരമായാണ് ഇപ്പോഴത്തേതെന്നും പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു . കോൺഗ്രസിന്റെ ജീർണ്ണതയും അപചയവും എത്രയുണ്ടെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പി സരിൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസിലെ ചിലർക്ക് ബിജെപിയോട് ഒരു കമ്മിറ്റ്മെൻറ്റ് ഉണ്ട്.
സംസ്ഥാനത്തെ കോൺഗ്രസും യുഡിഎഫും ആഴമേറിയ പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസിൽ ഉണ്ടായത് പൊട്ടിത്തെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പി സരിനുമായി സിപിഎം ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നുവെന്നായിരുന്നു. ബാക്കി കാര്യങ്ങൾ വഴിയേ പറയാമെന്നും ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.