പാലക്കാട് ഇന്ന് റോഡ് ഷോ; അങ്ങാടിപൂരം കാണാമെന്ന് ഇടത് സ്ഥാനാർഥി പി സരിൻ
പാലക്കാട് ഇന്ന് നടത്തുന്ന റോഡ് ഷോയിൽ അങ്ങാടിപൂരം കാണാമെന്ന് ഇടത് മുന്നണി സ്ഥാനാർഥി ഡോ.പി.സരിൻ. വൈകുന്നേരത്തെ റോഡ് ഷോ വലിയ സംഭവമാകുമെന്നും തന്നെ പ്രകോപിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് ആവർത്തിച്ച അദ്ദേഹം പ്രകോപനം തുടർന്നാൽ കൂടുതൽ പേർ തനിക്കൊപ്പം കോൺഗ്രസിൽ നിന്ന് വരുമെന്ന് മുന്നറിയിപ്പും നൽകി.
ഇപ്പോൾ പാർട്ടിയിൽ നിന്നും താൻ ഒറ്റയ്ക്കാണ് വന്നത്. ഇനിയെങ്കിലും കോൺഗ്രസ് നന്നാകട്ടേയെന്ന് താൻ കരുതിയത് കൊണ്ടാണ് കൂടുതൽ പേരെ ഒപ്പം കൂട്ടാതിരുന്നതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ പാലക്കാട് ബിഷപ്പിനെ സരിൻ സന്ദർശിച്ചു. അതിന് ശേഷമായിരുന്നു പ്രതികരണം.
ഞങ്ങൾ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനാണ്. യുവാക്കളാണ് മത്സരിക്കുന്നത് എന്നതിനാൽ പോസ്റ്ററുകളിലും സാമ്യം ഉണ്ടാകും. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണേട്ടൻ പാലക്കാട്ടേക്ക് വരണ്ട. അവിടെ പൂരം കലക്കി സീറ്റ് പിടിച്ചതു പോലെ ഇവിടെ കലക്കാൻ നോക്കരുത്. തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് ബിജെപി നേതാവ് കൃഷ്ണകുമാർ സമ്മതിച്ചതിലും സന്തോഷമുണ്ടെന്നും സരിൻ പറഞ്ഞു.