പാലാരിവട്ടം മേല്‍പ്പാലം അഴിമതി; നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി പൊതുമരാമത്ത് വകുപ്പ്

single-img
11 July 2023

എറണാകുളം ജില്ലയിലെ പാലാരിവട്ടം മേല്‍പ്പാലം നിർമ്മാണത്തിലെ അഴിമതി കേസില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി വകുപ്പ് ഉത്തരവിറക്കി. ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരെ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി.

ഇതുവരെ കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസന്‍സ് റദ്ദാക്കുകയും അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാരിിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ഇതിന്റെ ഉത്തരവ് പുറത്തിറക്കി. കേരളാ സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയ കമ്പനിക്കെതിരെ കര്‍ശന നിലപാടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ആര്‍ ഡി എസ് കമ്പനി കരാര്‍ ലംഘനവും നടത്തിയെന്നും ഉത്തരവില്‍ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ പേരിലോ ബിനാമി പേരിലോ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കാനാവില്ല. മേല്‍പ്പാലം നിര്‍മ്മാണ അപാകത പരിഹരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

41.27 കോടി രൂപയ്ക്ക് 2014 ലാണ് പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത്. 2016 ഒക്ടോബര്‍ 12 ന് പാലം തുറന്നുകൊടുത്തു. നിര്‍മ്മാണത്തില്‍ പ്രശ്‌നം ഉണ്ടായാല്‍ 3 വര്‍ഷം കമ്പനിയുടെ ഉത്തരവാദിത്വത്തില്‍ തകരാര്‍ പരിഹരിക്കണമെന്ന് കരാര്‍ വ്യവസ്ഥയുണ്ടായിരുന്നു. 2019ല്‍ പാലത്തില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെങ്കിലും ആര്‍ഡിഎസ് ഇത് പരിഹരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഏറ്റതും കുറഞ്ഞ ചെലവില്‍ പാലാരിവട്ടം പാലം കുറ്റമറ്റതാക്കിയതും.