പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു
പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു . ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും കേസുണ്ട്.
ഉപരോധ സമരത്തിനിടെ പൊലീസ് സ്റ്റേഷന്‍ കത്തിച്ച് കളയുമെന്ന് നേതാക്കള്‍ ഭീഷണിമുഴക്കി എന്ന് എഫ്‌ഐആര്‍ പറയുന്നു . നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട് നിന്ന പ്രതിഷേധം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് അവസാനിപ്പിച്ചത്.
ഏകദേശം എട്ടുമണിക്കൂറോളമാണ് പാലാരിവട്ടം സ്റ്റേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പിന്നാലെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനൊപ്പം പാലാരിവട്ടം ജങ്ഷനും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഇതോടെ കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി.