ശശി തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു; മികച്ച മാർജിനിൽ ജയം ഉറപ്പെന്ന് പന്ന്യൻ രവീന്ദ്രൻ
ഇത്തവണ താൻ മികച്ച മാർജിനിൽ തിരുവനന്തപുരത്ത് നിന്ന് ജയിക്കുമെന്ന് ഇടത് സ്ഥാനർത്ഥി പന്ന്യൻ രവീന്ദ്രൻ. ശശി തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയാകും ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന തീരദേശ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാകുമെന്നും അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോകുമെന്നും പന്ന്യൻ അഭിപ്രായപ്പെട്ടു . യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
അങ്ങനെയുള്ളപ്പോൾ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി. ഇക്കുറിയും അത് നടത്തി. അതിനാൽ ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ലെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.