പാനൂർ സ്ഫോടന കേസ്; പ്രവർത്തകർക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ ഉറപ്പായും നടപടി : ഡി വൈ എഫ് ഐ


കണ്ണൂർ ജില്ലയിലെ പാനൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ ഉറപ്പായും നടപടി എടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ്. കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് വി വസീഫ് വ്യക്തമാക്കി.
സ്ഫോടനത്തെക്കുറിച്ച് സംഘടന വിശദമായി അന്വേഷിക്കും. പ്രതികളോ പ്രതികളെ സഹായിച്ചവരോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐക്ക് കേരളത്തിൽ മുപ്പത്തിനായിരത്തോളം യൂണിറ്റുകൾ ഉണ്ട്. അതിലെ ഭാരവാഹികൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കണം.
പ്രദേശികമായ വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഭവം ഉണ്ടായത്. സംയമനത്തോടെ എന്നും പ്രതികരിച്ച സംഘടന ആണ് ഡി വൈ എഫ് ഐ പാനൂർ കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഇതുവരെ ഡി വൈ എഫ് ഐ പറഞ്ഞിട്ടില്ല. ആ കാര്യങ്ങളൊക്കെ പരിശോധിക്കണം. അതിന് ശേഷം കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.
പാനൂർ സംഭവത്തെ മാധ്യമങ്ങൾ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടാക്കി കൊടുക്കാനുള്ള ആയുധമാക്കുകയാണെന്നും പറഞ്ഞ വസീഫ്, പൊലീസ് അന്വേഷണത്തിൽ ആരും ഇടപെട്ടിട്ടില്ലെന്നും വിശദീകരിച്ചു.