പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വം തീരുമാനം

28 December 2023

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനത്തിനായി എത്തുമ്പോൾ മുന്നിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തുടരുന്ന തർക്കത്തെത്തുടർന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ജനുവരി മൂന്നിന് മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക.
അതിനായുള്ള സുരക്ഷാ അനുമതി ദേവസ്വം തേടി. അനുമതി ലഭിച്ചാൽ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക.ഏകദേശം തിനഞ്ച് ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും മിനി പൂരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മുന്‍പ് 1986ല്‍ മാര്‍പാപ്പ കേരളത്തിൽ എത്തിയപ്പോഴാണ് തൃശൂരില്‍ മിനി പൂരം ഒരുക്കിയത്.