ഗ്രീഷ്മയുടെ ആത്മഹത്യാ നാടകം; രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ
പാറശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സുമ, ഗ്രീഷ്മ എന്നീ വനിതാ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് .
റൂറൽ എസ്.പി ഡി ശിൽപയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞിരുന്നു.