തിളച്ച പാല്‍ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചതിൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍

single-img
1 October 2022

കോട്ടയം; തിളച്ച പാല്‍ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍ രംഗത്ത്.

കുട്ടിയുടെ ആരോ​ഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആംബുലന്‍സ് സൗകര്യവും ഓക്സിജനും സമയത്ത് കിട്ടിയില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കാഞ്ഞിരപ്പള്ളി പാലമ്ബ്ര സ്വദേശി പ്രിന്‍സ് തോമസിന്റെ മകള്‍ സെറാ മരിയ ചികിത്സയിലിരിക്കെ മരിച്ചത്. 13ന് പൊള്ളലേറ്റ കുട്ടിയെ എരുമേലിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അണുബാധ ആരംഭിച്ചെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ബുധനാഴ്ച അര്‍ധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനായി മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ ആംബുലന്‍സ് വിളിച്ച്‌ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. അത്യാഹിത ഘട്ടമായിട്ടും ഓക്സിജന്‍ വേര്‍പെടുത്തിയ ശേഷമാണ് കുട്ടിയെ ആംബുലന്‍സിലേക്ക് കയറ്റിയതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാഞ്ഞിരപ്പള്ളി പോലീസ് സ്വമേധയാ കേസെടുത്തു. ഗുരുതര പൊള്ളലുമായാണ് കുഞ്ഞിനെ എത്തിച്ചതെന്നും ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.