പാരിസ് ഒളിംപിക്സ്: ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ

single-img
4 August 2024

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. ശേഷം ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ വിജയം.

ബ്രിട്ടന്റെ മൂന്ന് ഗോൾ ശ്രമങ്ങളാണ് ഗോളിയായ മലയാളി താരം പി ആർ ശ്രീജേഷ് തടഞ്ഞിട്ടത്. അതേസമയം ,തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ​ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല.

22-ാം മിനിറ്റിൽ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. പെനാൽറ്റി കോർണറിൽ നിന്ന് ലഭിച്ച പാസിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹ​ർമ്മൻപ്രീത് സിം​ഗ് ആണ് വലചലിപ്പിച്ചത്. 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു. ലീ മോർട്ടന്റെ ​​ഗോളിൽ ബ്രിട്ടൻ സമനില പിടിച്ചു. ആദ്യ പകുതിയിലെ രണ്ട് ക്വാർട്ടർ പിന്നിട്ടപ്പോൾ മത്സരം ഓരോ ​ഗോൾ വീതം നേടി സമനിലയായി.

മൂന്നാം ക്വാർട്ടറിൽ ബ്രിട്ടീഷ് ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. മലയാളി താരം പി ആർ ശ്രീജേഷിന്റെ മികച്ച സേവുകൾ വീണ്ടും ഇന്ത്യയ്ക്ക് ​ഗുണം ചെയ്തു. മൂന്നാം ക്വാർട്ടറിന്റെ അവസാന നിമിഷം സുമിതി വാൽമികിയ്ക്ക് ​ഗ്രീൻ കാർഡ് ലഭിച്ചു. ഇതോടെ നാലാം ക്വാർട്ടറിന്റെ തുടക്കം ഇന്ത്യൻ താരങ്ങളുടെ എണ്ണം ഒമ്പതായി കുറച്ചു.

നിർണായകമായ അവസാന 15 മിനിറ്റിലേക്ക് ഇന്ത്യ ഇറങ്ങി. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ റൂപർട്ട് ഷിപ്പർലി ​ഗ്രീൻ കാർഡ് കണ്ടത് ബ്രിട്ടൻ്റെ താരങ്ങളുടെ എണ്ണം 10 ആയി കുറച്ചു. അവസാന ക്വാർട്ടറിൽ വിജയത്തിനായുള്ള ശ്രമങ്ങൾ ഇരുടീമുകളുടെയും ഭാ​ഗത്ത് നിന്നുണ്ടായി. എന്നാൽ ഇരുടീമുകൾക്കും ​ഗോൾനേടാൻ കഴിഞ്ഞില്ല. അവസാന നിമിഷത്തെ ബ്രിട്ടന്റെ ശക്താമയ ആക്രണണം ഇന്ത്യൻ പ്രതിരോധം തടഞ്ഞുനിർത്തി.