ആരോപണം ഗൗരവമുള്ളത്; മഹുവ മൊയ്ത്ര 31ന് ഹാജരാകണമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

single-img
26 October 2023

പാർലമെന്റിൽ ചോ​ദ്യം ചോദിക്കുന്നതിനായി പണം വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ വിളിച്ചുവരുത്താൻ പാർലമെന്റ് എത്തിക്സ് കമ്മിറ്റി. ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കമ്മിറ്റി ഈ മാസം 31-ന് ഹാജരാകണമെന്ന് മഹുവയോട് ആവശ്യപ്പെട്ടു.

ബിജെപി എംപിയായ നിഷികാന്ത് ദുബെയുടെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി സമിതി രേഖപ്പെടുത്തി. വിഷയം പാർലമെന്‍റിന്‍റെ അന്തസിന്‍റെ പ്രശ്നമെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. കൂടുതൽ വിശദമായ അന്വേഷണത്തിനായി കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐടി മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഞങ്ങൾ അഭിഭാഷകന്റെയും നിഷികാന്ത് ദുബെയുടെയും മൊഴിയെടുത്തു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ചൊവ്വാഴ്ച മഹുവ മൊയ്ത്രയെ വിളിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വിഷയത്തിൽ അവർ അവരുടെ ഭാഗം അറിയിക്കണം,” എത്തിക്‌സ് കമ്മിറ്റി നടപടിക്ക് ശേഷം സോങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വ്യവസായ പ്രമുഖനായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര പണം വാങ്ങിയെന്നാരോപിച്ച് നിഷികാന്ത് ദുബെ ഞായറാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. ഹിരാനന്ദാനിയുടെ എതിരാളിയായ അദാനി ഗ്രൂപ്പിനെതിരായാണ് ചില ചോദ്യങ്ങള്‍ എന്നും ദുബെ ആരോപിച്ചു. ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി, തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും പൊളിറ്റിക്കല്‍ മൈലേജിനും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രതികരിച്ചിരുന്നു.