വിമാനക്കമ്പനികൾക്ക് കുരുക്ക്; ടിക്കറ്റ് നിരക്കിൽ പരമാവധി പരിധി നിശ്ചയിക്കാൻ പാർലമെൻററി സമിതി നിർദ്ദേശം
രാജ്യത്തെ വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് സീസണുകളിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ ഇടപെടലുമായി പാർലമെൻററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരമാവധി പരിധി നിശ്ചയിക്കാൻ പാർലമെൻററി സമിതി നിർദേശിച്ചു.
ഇതോടൊപ്പം ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു, വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിലപാട് സമിതി വിലയിരുത്തി.
നിലവിലെ പോലെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് സ്വയം നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്ന് സമിതി പറഞ്ഞു. ഇപ്പോൾ വിമാന നിരക്ക് സർക്കാർ തീരുമാനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഡിജിസിഎയ്ക്ക് താരിഫ് മോണിറ്ററിംഗ് യൂണിറ്റ് ഉണ്ട്. ഈ യൂണിറ്റ് നിശ്ചിത റൂട്ടുകളിലെ വിമാന നിരക്ക് മാസാടിസ്ഥാനത്തിൽ നിരീക്ഷിക്കണം. എയർലൈനുകൾ പരിധിക്കപ്പുറം വിമാന നിരക്ക് ഈടാക്കുന്നില്ലെന്ന് ഇവർ ഉറപ്പാക്കണം.
പക്ഷെ പാർലമെൻററി കമ്മിറ്റി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷമായി വിമാനക്കമ്പനികളുടെ രേഖകൾ ഡിജിസിഎ പരിശോധിച്ചിട്ടില്ലെന്നും പറയുന്നു.അതേപോലെ തന്നെ വിമാനക്കമ്പനികളുടെ സ്വയം നിയന്ത്രണം കാര്യക്ഷമമല്ലെന്നാണ് സമിതിയുടെ അഭിപ്രായം.