ബില്‍ക്കിസ് ബാനോ കേസിൽ രണ്ടാഴ്ച മുമ്പ് കീഴടങ്ങിയ പ്രതികളില്‍ ഒരാള്‍ക്ക് പരോള്‍
വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കോടതി നൽകിയ നിര്‍ദ്ദേശപ്രകാരം കീഴടങ്ങിയ പ്രതികളിലൊരാള്‍ക്ക് പരോള്‍. ഗുജറാത്ത് ഹൈക്കോടതിയാണ് പ്രതിയായ പ്രദീപ് രാമന്‍ലാല്‍ മോഡിയക്ക് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചത്.
ഈ മാസം ഏഴിന് ഭാര്യാപിതാവ് മരിച്ചതിനെ തുടര്‍ന്നാണ് മോഡിയ കോടതിയെ സമീപിച്ചത്. ഇയാള്‍ വെള്ളിയാഴ്ച ജയിലില്‍ നിന്ന് പുറത്തിറങ്ങി തന്റെ ഗ്രാമത്തിലെത്തി. രണ്ടാഴ്ച മുമ്പാണ് കേസിലെ 11 പ്രതികള്‍ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിനെ തുടർന്നാണ് മുഴുവന്‍ പ്രതികളും കീഴടങ്ങിയത്. എല്ലാ പ്രതികളും ജനുവരി 21-നകം ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കീഴടങ്ങാന്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികള്‍ ഉന്നയിച്ച കാരണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. “കീഴടങ്ങുന്നത് നീട്ടിവെക്കാനും ജയിലിലേക്ക് തിരികെ റിപ്പോർട്ട് ചെയ്യാനും അപേക്ഷകർ മുന്നോട്ട് വെച്ച കാരണങ്ങൾ ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് അവരെ ഒരു തരത്തിലും തടയുന്നതല്ല,” ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.