താൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താൻ മാത്രമുള്ള പ്രചാരണം: ഇപി ജയരാജൻ
ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഉയർന്നത് അനാവശ്യ വിവാദമായിരുന്നുവെന്നും സെമിനാറിൽ താൻ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ചിലരാണ് പറഞ്ഞ് പരത്തിയതെന്നും ഇപി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സെമിനാർ കുറെ നാളുകൾ മുന്നെ സിപിഎം തീരുമാനിച്ചതാണ്. അതിൽ സംസാരിക്കുന്നവരുടെ പേരും നേരത്തെ പ്രഖ്യാപിച്ചതാണ്. അതിലെവിടെയും തന്റെ പേരുണ്ടായിരുന്നില്ല. താൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താൻ മാത്രമുള്ള പ്രചാരണമായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
എന്തിനുവേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു പ്രചാരണമെന്ന് അറിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദം. ഏക സിവിൽ കോഡിനെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കും. സിപിഎമ്മാണ് സംഘാടകർ. സിപിഎമ്മാണ് അജണ്ട നിശ്ചയിക്കുന്നതും ആര് സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും. അതിന്റെ അന്തർദേശിയ തലത്തെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ മാത്രമെ വിവാദം ഗുണം ചെയ്യുകയുള്ളു. അത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും ഇപി കൂട്ടിച്ചേർത്തു.