ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പൊലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്‌പ്പെട്ടു; പി ശശിക്കെതിരെ വീണ്ടും പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. എസ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത പിന്നാലെയാണ് പി ശശിക്കെതിരെ ഗുരുതരമായ ആരോപണവുമായി പി വി അന്‍വര്‍ വീണ്ടും രംഗത്ത് വന്നത്.
‘കേരളത്തിൽ പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഏരിയാ സെക്രട്ടറിമാര്‍ക്ക് ഉൾപ്പെടെ ഒരു വിഷയത്തിലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പൊലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്‌പ്പെട്ടു. ഏകദേശം 15 ലക്ഷം വോട്ട് വരും ഇത്.
ഇത്രമാത്രം വോട്ടാണ് പി ശശി അനായാസമായി യുഡിഎഫിന് വാങ്ങിക്കൊടുത്തത്. പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു ബാരിക്കേഡ് പൊലീസുണ്ടാക്കി. പൊലീസില്‍ മുഴുവന്‍ അരാജകത്വമാണ്. പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മാഫിയ രൂപപ്പെടുന്നു. സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലമായി മാറി. ഇതിന് ഉത്തരവാദി പി ശശിയാണ്’, അന്‍വര്‍ പറഞ്ഞു.
സിപിഎമ്മിനെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ടെന്നും പി വി അന്‍വര്‍ ഇതോടൊപ്പം കൂട്ടിച്ചേർത്തു.