പാര്‍ട്ടി പുനസംഘടന നടപടി; പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം


പത്തനംതിട്ട : പാര്‍ട്ടി പുനസംഘടന നടപടികള്‍ തുടങ്ങിയതിന്പിന്നാലെ പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം.
മൂന്ന് തവണ ജില്ലാ പുനസംഘടന കമ്മിറ്റി യോഗം ചേര്‍ന്നിട്ടും ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതിനിടെ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പാര്‍ട്ടി ഓഫീസിന്റെ കതകില്‍ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നല്‍കി.
പുനസംഘടനയില്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഒടുവില്‍ സംഘട്ടനത്തിലേക്ക് എത്തുന്നതാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ കാഴ്ച. ഭാരവാഹി പട്ടികയില്‍ ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്ന് മുന്‍ ജില്ലാ പ്രസിഡന്റ്മാരായ കെ ശിവദാസന്‍ നായര്‍ , പി മോഹന്‍രാജ് , ബാബു ജോര്‍ജ് എന്നിവര്‍ പുനസംഘടന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപോയത് മുതലാണ് നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നത്. ജില്ലയില്‍ സ്വാധീനമുള്ള എ ഗ്രൂപ്പിലെ പ്രധാന നേതാക്കളാണ് മൂന്ന് പേരും. എന്നാല്‍ എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പലടക്കമുളള മറ്റൊരു വിഭാഗം ഈ നേതാക്കളുടെ നിലപാടിന് എതിരാണ്.
ഇതിനിടയില്‍ കെ സി വേണുഗോപാല്‍ പക്ഷക്കാരനായ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പുനസംഘടനയിലൂടെ ജില്ലയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതും തര്‍ക്കങ്ങളുടെ ആക്കം കൂട്ടുന്നു. ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റ്മാരുടെയും നീണ്ട പട്ടികയാണ് ഓരോ നേതാക്കളുടേയും നിര്‍ദേശങ്ങളിലുള്ളത്. പട്ടികയില്‍ സമവായം കണ്ടെത്താന്‍ കഴിയാതെ നില്‍ക്കുന്നതിനിടയിലാണ് മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പാര്‍ട്ടി ഓഫീസിന്റെ കതകില്‍ ചവിട്ടിയ വിവാദം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തില്‍ നിന്ന് വിശദീകരണം തേടി. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരണത്തിനൊപ്പം ബാബു ജോര്‍ജിനെതിരെ പരാതിയും നല്‍കി
പാര്‍ട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്നാണ് ബാബു ജോര്‍ജിന്റെ ആരോപണം.