പാർട്ടിയുടെ നിലപാട് പൂർണ പിന്തുണ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
20 October 2024

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദ​ൻ മാസ്റ്റർ . നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്നും പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും മാസ്റ്റർ പറഞ്ഞു.

സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്നും കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. അന്ന് മുതൽ പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയിലെ പാർട്ടിയായലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനപരമായ പ്രശ്നം ആഭ്യന്തര പ്രശ്നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുത്ത പദവിയിൽ നിന്ന് ഒഴിവാക്കുകയെന്നതായിരുന്നു. അത് സ്വീകരിക്കുകയും പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
വിഷയത്തിൽ ഉടനടി പാർട്ടി നടപടി സ്വീകരിച്ചിരുന്നു. കുടുംബത്തിനൊപ്പമാണ് എന്നും നിലകൊള്ളുന്നത്. പാർട്ടിയുടെ നിലപാട് പൂർണ പിന്തുണ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നതാണ്.

സംഭവത്തിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് നിർദേശിച്ചിരുന്നുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാർട്ടി പൂർണ പിന്തുണ നൽകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.