നാല്‍പ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ യാത്രാപാസ്‌;ഗതാഗതമന്ത്രി ആന്റണി രാജു

single-img
16 October 2022

കണ്ണൂര്‍ : നാല്‍പ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ യാത്രാപാസ്‌ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

കണ്ണൂരില്‍ ‘വാഹനീയം’ അദാലത്തില്‍ തളിപ്പറമ്ബ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

ഭര്‍ത്താവ് ഫിറോസ്ഖാനുവേണ്ടിയാണ്‌ സല്‍മാബി അദാലത്തില്‍ പങ്കെടുത്തത്‌. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കായിരുന്നു പാസ്.
വിനോദസഞ്ചാരത്തിന്‌ വാഹനം ബുക്കുചെയ്യുന്നവര്‍ മോട്ടോര്‍വാഹന വകുപ്പിനെ വിവരമറിയിക്കണം. ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുശേഷമേ യാത്ര പുറപ്പെടാവൂ. വാഹനങ്ങളില്‍ നിയമലംഘനമുണ്ടായാല്‍ ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വാഹനസാന്ദ്രതയേറിയിട്ടും കേരളത്തില്‍ അപകടങ്ങള്‍ കുറയാന്‍ കാരണം മോട്ടോര്‍വാഹനവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലാണ്. അമിതവേഗ മുന്നറിയിപ്പ് തത്സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണിത്‌. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസിന്റെ വേഗത സംബന്ധിച്ച്‌ രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.