‘ഹലോ സുധാകരാ…ഞാന്‍ ജീവിച്ചിരിപ്പുണ്ട്’; കെ സുധാകരന്റെ പ്രതികരണത്തില്‍ പിസി ജോര്‍ജ്
പ്രശസ്ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘നല്ല പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്നു കെജി ജോർജ്’ എന്നാണ് സുധാകരൻ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഏത് ജോര്‍ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്നാണ് പലരുടെയും ചോദ്യം.
ഇപ്പോൾ ഇതാ , സംഭവത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ് രംഗത്തെത്തി. താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി.ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുത്.”