പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സമാധാനം നഷ്ടപ്പെടുമായിരുന്നു: കെ സുരേന്ദ്രൻ

single-img
17 October 2023

കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ . പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സമാധാനം നഷ്ടപ്പെടുമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളെയും പിഎഫ്ഐ ലക്ഷ്യമിട്ടിരുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

പലസ്തീൻ – ഹമാസ് അനുകൂല പ്രകടനം കേരളത്തിൽ നടത്തുന്നത് മുപ്പത് ശതമാനം മുസ്ലിം സമുദായ അംഗങ്ങളെ ഉന്നമിട്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഹമാസ് അനുകൂല പ്രകടനം കേരളത്തില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്‍ അഭിപ്രായം വ്യക്തമാക്കുന്നത്.