കരാര്‍ ലംഘനത്തിന് പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്ക്പിഴ; ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ആവശ്യം
കരാര്‍ ലംഘനത്തിന്റെ പേരിൽ പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ ദേശീയപാത അതോറിറ്റി പിഴ ചുമത്തിയ സാഹചര്യത്തില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കം സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്തംബര്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കരുതെന്നും ടോൾ കമ്പനിയുടെ നീക്കം സർക്കാർ തടയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി മന്ത്രി മുഹമ്മദ് റിയാസിനും പൊതുമരാത്ത് സെക്രട്ടറിക്കും കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ കരാര്‍ ലംഘനം തങ്ങള്‍ നിരന്തരമായി പുറത്തുകൊണ്ടുവരുന്നതിനാലാണ് കമ്പനിക്ക് ഇത്രയും ഭീമമായ തുക പിഴ അടയ്‌ക്കേണ്ടിവരുന്നത്. കരാര്‍ പ്രകാരം എല്ലാവര്‍ഷവും സെപ്തംബര്‍ ഒന്നിന് ചാര്‍ജ് വര്‍ധിപ്പിക്കാം. അതിന് 45 ദിവസം മുമ്പ് കരാര്‍ കമ്പനി എന്‍.എച്ച്.എ.ഐക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. അത് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി എന്‍.എച്ച്.എ.ഐ. അനുമതി നല്‍കണമെന്നും ജോസഫ് ടാജറ്റ് ചൂണ്ടികാട്ടി.
കരാര്‍ ലംഘനത്തിന് ജൂണ്‍ 30 വരെ 2128.72 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കരാറില്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്ത് തീര്‍ക്കാത്തതിനാലും കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി കരാറില്‍നിന്നും പുറത്താക്കാന്‍ എന്‍.എച്ച്.എ.ഐ. തന്നെ നടപടി സ്വീകരിച്ച സാഹചര്യത്തിലും സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനാലും നിരക്ക് വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍.എച്ച്.എ.ഐക്ക് ലീഗല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.