പാർലമെൻറ് ഉദ്ഘാടനത്തിൽ ജനം വലിയ ആവേശത്തിൽ: പ്രധാനമന്ത്രി
രാജ്യത്തിന്റെ പുതിയ പാർലമെൻറ് ഉദ്ഘാടനത്തിൽ ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പാർലമെൻ്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റിൽ എഴുതി. ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങിൽ ആദരിക്കും.
ഇവരുടെ 15 കുടുംബാംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. അതേസമയം, പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെയാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും.
ഇരുസഭകളിലെയും എംപിമാർ, മുൻ പാർലമെൻറ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാൽ, 21 പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്ക്കരിക്കും. 6 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും.രാവിലെ ഏഴരയോടെ പൂജ ചടങ്ങുകൾ തുടങ്ങും. 9 മണി വരെ നീളുന്ന പൂജയിൽ രാജ്യത്തെ ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും.