മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഗുജറാത്തില്‍ പുതിയ ആശയവുമായി കെജ്‌രിവാൾ

single-img
29 October 2022

സംസ്ഥാനത്തെ ജനങ്ങൾക്ക് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാമെന്ന് ഗുജറാത്തിൽ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാൾ തന്റെ ഈ പുതിയ ആശയത്തിൽ ഗുജറാത്തില്‍ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. കെജ്‌രിവാള്‍ നേരിട്ടെത്തിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

‘ഗുജറാത്തില്‍ ഞങ്ങൾക്ക് ( ആം ആദ്മി പാര്‍ട്ടിക്ക്) ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തരീക്ഷമാണ് നിലവിലുള്ളത്. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങള്‍ക്കൊരു മോചനം വേണം. അവര്‍ മാറ്റമാഗ്രഹിക്കുകയാണ്. വിജയ് രൂപാനിയെ കൊണ്ടുവന്നത് ജനങ്ങളോട് ചോദിച്ചിട്ടല്ലാ. തീരുമാനം ഡല്‍ഹിയില്‍ നിന്നായിരുന്നു.

ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്’, കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്നു ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള നമ്പര്‍ കെജ്‌രിവാള്‍ കൈമാറി. 6357000360 എന്ന നമ്പറില്‍ എസ്എംഎസ്, വാട്‌സ്ആപ്പ് അല്ലെങ്കില്‍ aapnocm@gmail.com എന്നതിലേക്ക് ഇ-മെയില്‍ വഴിയും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം അറിയിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍ നവംബര്‍ മൂന്നിന് വരെ ലഭ്യമായിരിക്കും. നാലിന് ഫലം പ്രഖ്യാപിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.