ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി മോദിക്കും നൽകണം: സീതാറാം യെച്ചൂരി
ഇന്ദിരാഗാന്ധിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി പ്രധാനമന്ത്രി മോദിക്കും നൽകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ എന്നാൽ ഇന്ദിരയല്ലെന്ന് കാട്ടിക്കൊടുത്തത് പോലെ മോദിയെന്നാൽ ഇന്ത്യയല്ലെന്ന് കാട്ടിക്കൊടുക്കുകയാണ് വേണ്ടത് എന്ന് യെച്ചൂരി പറഞ്ഞു.
എം വി ഗോവിന്ദൻമാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. പ്രധാനമന്ത്രി മോദിക്കെതിരെ ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്താനാണ് ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
കേരളത്തെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. അതിനെല്ലാം മറുപടി പറയാനാണ് വന്നത്. പക്ഷെ രാഷ്‌ട്രപതി അത് എളുപ്പമാക്കിയെന്നും കേരള സർക്കാരിന് നല്ല സർട്ടിഫിക്കറ്റാണ് ദ്രൗപദി മുര്‍മു നൽകിയതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഒരു ബിജെപി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ട് വെക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്.
എന്നാൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ മുഖമാണ് കേന്ദ്രത്തിൽ കാണുന്നത്. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജെപിസി അന്വേഷണത്തിന് മോദി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും യെച്ചൂരി ചോദിച്ചു. ഇവിടെ ആരെങ്കിലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചാൽ അവർ രാജ്യവിരുദ്ധരാകും. അദാനിയേ വിമർശിച്ചാലും ഇത് തന്നെയാണ് അവസ്ഥ.
ഇപ്പോൾ ഇന്ദിര എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം പോലെയാണ് ഇന്ത്യ എന്നാൽ മോദി, ഇന്ത്യ എന്നാൽ അദാനി എന്ന് ഇപ്പോൾ പറയുന്നത്. എന്നാൽ ഇന്ത്യ എന്നാൽ അദാനിയോ മോദിയോ അല്ല. ഇന്ത്യ ഇന്ത്യക്കാരുടെയാണ്. ഇന്ദിരയ്ക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി പോലെ ഈ സർക്കാരിനും നൽകണമെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.